കൊളംബോ: ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ ആക്രമണം. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെയാണ് അന്തർവാഹിനി ആക്രമണം നടന്നത്.
അതേ സമയം ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെപേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ‘വധിക്കപ്പെടാനുള്ള ലക്ഷ്യം’ ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു. ‘‘ ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാൻ ഇറാനിലെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കും’’– കാട്സ് കുറിച്ചു.
യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു.