രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകൾ ഇനി ഒരൊറ്റ അന്വേഷണ സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഐ.ജി. ജി. പൂങ്കുഴലിയാണ് സംയുക്ത അന്വേഷണത്തിന് നേതൃത്വം നൽകുക. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക.
രണ്ട് വ്യത്യസ്ത യുവതികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ കേസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും, രണ്ടാമത്തെ കേസ് ക്രൈംബ്രാഞ്ച് എ.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിച്ചിരുന്നത്. കേസുകളുടെ നിയമനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, രഹസ്യ സ്വഭാവം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ കേസുകൾ ഇപ്പോൾ ഒരു അന്വേഷണ സംഘത്തിന്റെ കീഴിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
അന്വേഷണത്തിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, വോട്ട് ചെയ്യാനായി കഴിഞ്ഞ ദിവസം പാലക്കാട് തിരിച്ചെത്തിയ ശേഷം, ഇന്നലെ രാത്രി കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, അദൂരിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.