ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ പേഴ്സണൽ സെക്രട്ടറി തോമസ് പി ചാക്കോ പത്തനംതിട്ട നഗരസഭയിലെ 31-ാം വാർഡിൽ ആർഎസ്പി സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫിന്റെ ഘടകകക്ഷിയായ ആർഎസ്പിയുടെ സ്ഥാനാർത്ഥിയായാണ് തോമസ് പി ചാക്കോയുടെ സ്ഥാനാർത്ഥിത്വം. മുൻ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായിരുന്നു ഇദ്ദേഹം.
സിപിഐഎമ്മിൽ നിന്ന് കോൺഗ്രസിലേക്കും ബിജെപിയിലേക്കും ആളുകൾ മാറുന്നതിനിടയിലാണ് തോമസ് പി ചാക്കോയുടെ രാഷ്ട്രീയ ചുവടുമാറ്റം. അടൂരിലെ ഏനാദിമംഗലം പഞ്ചായത്തിലെ മുൻ പഞ്ചായത്ത് അംഗവും ഇപ്പോഴത്തെ വാർഡ് അംഗവുമായ രണ്ട് സിപിഐഎം അനുഭാവികളും 25-ൽ അധികം കുടുംബങ്ങളും കോൺഗ്രസിൽ ചേർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ആർഎസ്പി സ്ഥാനാർത്ഥിയായി തോമസ് പി ചാക്കോയെ പ്രഖ്യാപിച്ചത്. പ്രചാരണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിക്കുകയും ചെയ്തു. കുമ്പഴ വാർഡിലാണ് നിലവിൽ ആരോഗ്യമന്ത്രിയുടെ കുടുംബം താമസിക്കുന്നത്. എന്നിരുന്നാലും തോമസ് പി ചാക്കോയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് അനുകൂലമായ ഒരു സാഹചര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.