Share this Article
KERALAVISION TELEVISION AWARDS 2025
പതിനേഴുകാരൻ ട്രെയിൻ തട്ടി മരിച്ചു; കാണാതായെന്ന് പരാതി; ബന്ധുക്കളെ അറിയിക്കാതെ പൊലീസ് മൃതദേഹം സംസ്‌കരിച്ചെന്ന് ആരോപണം
വെബ് ടീം
posted on 10-06-2025
1 min read
ABHIJITH

തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച പതിനേഴുകാരന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ പൊലീസ് സംസ്‌കരിച്ചതായി ആരോപണം. വെമ്പായം തേക്കട സ്വദേശി അഭിജിത്താണ് മരിച്ചത്. പതിനേഴുകാരനെ കാണാനില്ലെന്ന് കാണിച്ച് മാർച്ച് പതിനാലിന് ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു.മാർച്ച് അഞ്ചിനാണ് അഭിജിത്ത് പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത്. അജ്ഞാത മൃതദേഹം എന്ന പേരിൽ പൊലീസ് സംസ്‌കരിച്ചെന്നാണ് ആരോപണം.

ഇന്നലെയാണ് അഭിജിത്തിന്റെ മരണവിവരം കുടുംബം അറിഞ്ഞത്.മരണത്തിലും ബന്ധുക്കളെ അറിയിക്കാതെ സംസ്‌കരിച്ചതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മാർച്ച് മൂന്നിനാണ് അഭിജിത്ത് വീട്ടിൽ നിന്ന് പോയത്. മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് അഭിജിത്തിന്റെ പിതാവ് പറയുന്നു.'മാർച്ച് പതിനാലിനാണ് പരാതി കൊടുത്തത്. മാർച്ച് അഞ്ചിനാണ് അവൻ ട്രെയിൻ തട്ടി മരിച്ചത്. ഞങ്ങൾ കേസ് കൊടുത്ത സമയത്തും മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലുണ്ടായിരുന്നു. ഞങ്ങളെ ആരും ഒന്നും അറിയിച്ചില്ല. എന്താണ് നടന്നതെന്ന് ഞങ്ങൾക്കറിയണം. ട്രെയിൻ തട്ടി മരിച്ചതല്ല, കൊലപാതകമാണ്.

മാർച്ച് മൂന്നിന് വിജയ് എന്ന പയ്യനാണ് മകനെ വിളിച്ചുകൊണ്ടുപോയത്. പിന്നെ കണ്ടിട്ടില്ല.ഇന്നലെ വട്ടപ്പാറ സ്റ്റേഷനിൽ വച്ച് വിജയ് പറഞ്ഞപ്പോഴാണ് ഞങ്ങൾ ഈ വിവരം അറിഞ്ഞത്. അഭിജിത്തിന്റെ സുഹൃത്തുക്കളോടൊക്കെ ഞങ്ങൾ തിരക്കിയിരുന്നു. വിജയ് ഒളിവിലായിരുന്നു. വട്ടപ്പാറ പൊലീസ് പറയുന്നത് അവർ അന്വേഷിച്ചിരുന്നു, കിട്ടിയില്ലെന്നാണ്. ഇന്നലെ വിജയ്‌യെ അവന്റെ അമ്മയാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ഞങ്ങൾ ചോദിച്ചപ്പോഴാണ് അവൻ സത്യം പറഞ്ഞത്. അപ്പോൾ വട്ടപ്പാറ പൊലീസ് ഫോട്ടോ കാണിച്ചപ്പോഴാണ് മകനെ തിരിച്ചറിഞ്ഞത്.'- അഭിജിത്തിന്റെ പിതാവ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories