രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ ശക്തമാക്കി കേന്ദ്രസേന. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയും വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം കണക്കിലെടുത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നിലക്കല്‍ മുതല്‍ പമ്പ വരെ ഓരോ പോയന്റ് ഇടവിട്ട് പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. സന്നിധാനത്തെ അനധികൃത താമസക്കാരെ എല്ലാം ഒഴിപ്പിച്ചു. പ്രദേശത്തെ കടകള്‍ അടപ്പിച്ചു. രാഷ്ട്രപതിയുടെ യാത്ര വനത്തിലൂടെയായതിനാല്‍ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
ഹെലി കോപ്റ്ററില്‍ നിലയ്ക്കല്‍ ഹെലി പാഡില്‍ വന്നിറങ്ങുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്തും. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് പോകും. ആറു വാഹനങ്ങളാണ് രാഷ്ടപതിക്ക് അകമ്പടി പോവുക. രാവിലെ 11.50ന് സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ഉച്ചപ്പൂജ ദര്‍ശനത്തിനുശേഷം സന്നിധാനം ഗെസ്റ്റ് ഹൗസില്‍ വിശ്രമിക്കും. തുടര്‍ന്ന് വൈകിട്ടു മൂന്നിനു സന്നിധാനത്തുനിന്നു മടങ്ങി 4.10 ന് നിലയ്ക്കല്‍ എത്തി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് പോകും.