നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി.) അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഇ.ഡി.യുടെ ഹർജി അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചതോടെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സ്റ്റേ ചെയ്യുന്നത് തുടരും.
കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാരിന് അന്വേഷണ കമ്മീഷനെ വെക്കാൻ അധികാരമില്ലെന്നായിരുന്നു ഇ.ഡി.യുടെ വാദം. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇ.ഡി.യുടെ ഈ വാദം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് കമ്മിഷൻ നിയമനം സ്റ്റേ ചെയ്തത്. കമ്മീഷൻ നിയമനം നിയമസാധുതയില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി.