Share this Article
News Malayalam 24x7
DCC പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍ സംഭാഷണ വിവാദം; അന്വേഷിക്കാന്‍ കെപിസിസി
Palode Ravi

മുൻ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി തീരുമാനിച്ചു. പാർട്ടിയുടെ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ശബ്ദരേഖ പ്രചരിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി വിശദമായി പരിശോധിക്കും.

കോൺഗ്രസ് പ്രവർത്തകനുമായി പാലോട് രവി നടത്തിയെന്ന് പറയുന്ന ഫോൺ സംഭാഷണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്നും പറയുന്ന ശബ്ദരേഖ പാർട്ടിയിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇത് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും പാർട്ടിയെ അവഹേളിക്കുന്നതുമാണെന്ന കടുത്ത വിമർശനം ഉയർന്നതോടെയാണ് പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.


പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങളോ അച്ചടക്ക ലംഘനങ്ങളോ വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് അന്വേഷണം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തലസ്ഥാന ജില്ലയിലെ പാർട്ടിക്കുള്ളിലുണ്ടായ പ്രതിസന്ധി ഗൗരവത്തോടെയാണ് കെപിസിസി കാണുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം പാലോട് രവിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.


പാലോട് രവി രാജിവെച്ച ഒഴിവിലേക്ക് മുൻ സ്പീക്കർ എൻ. ശക്തൻ ഇന്ന് ഡിസിസി പ്രസിഡന്റായി ചുമതലയേൽക്കും. ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരിക്കും പുതിയ അധ്യക്ഷന്റെ പ്രധാന വെല്ലുവിളി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories