പത്തനംതിട്ട: ശബരിമല സ്വർണമോഷണക്കേസിൽ മുരാരി ബാബു റിമാൻഡിൽ. 14 ദിവസത്തേക്കാണ് റാന്നി കോടതി റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം മുരാരിബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു.
സ്വർണ്ണമോഷണത്തിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലുംസ്വർണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാലറിപ്പോർട്ടിനു ശേഷമുള്ള ഹൈക്കോടതി നിർദേശം. തുടർന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.സ്വർണമോഷണത്തിന് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്ന മുരാരി ബാബു രണ്ടു കേസുകളിലും രണ്ടാം പ്രതിയാണ്.