തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. ദേശിയ കബഡി താരമാണ് ജൂലി .അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്.
അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഒരു യാത്രക്കാരനെ അപ്പോൾത്തന്നെ ചില്ല് പൊട്ടിച്ച് പുറത്തെത്തിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്.