ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് പത്മകുമാർ. കൂടുതൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഇദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ദേവസ്വം ബോർഡിലെ മുൻ ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് SIT-യുടെ നീക്കം. ശബരമലയിൽ സ്പോൺസറാകാൻ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്നേയും സമീപിച്ചിരുന്നതായി പത്മകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഇന്നലെ ഇദ്ദേഹത്തിന്റെ വീട്ടിൽ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ചില നിർണായക രേഖകൾ കണ്ടെത്തിയതായും വിവരമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാർ നൽകിയ അപേക്ഷയാണ് ബോർഡിന് കൈമാറിയതെന്നും, സർക്കാർ അനുമതിയോടെയാണ് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും പത്മകുമാർ മൊഴിയിൽ പറയുന്നു.
പൊറ്റിയുമായി ആറന്മുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയതായും SIT കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. നിർണായകമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.