നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ ഉത്തരവിലെ വിവരങ്ങൾ ചോർന്നു എന്ന് ആരോപിച്ചുള്ള ഊമക്കത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഡിസംബർ 2 എന്ന തീയതി വെച്ച് "ഇന്ത്യൻ പൗരൻ" എന്ന പേരിലാണ് ഊമക്കത്ത് ലഭിച്ചത്. കേസ് പരിഗണിക്കുന്ന ജഡ്ജി, തന്റെ സുഹൃത്തായ ഷേർലിയെ കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ ഒൻപതാം പ്രതിയുമായ ശരത്തിനെ കണ്ട് "കച്ചവടം ഉറപ്പിക്കുകയും" ചെയ്തു എന്നാണ് കത്തിലെ പ്രധാന ആരോപണം.
ദിലീപ് അടക്കമുള്ള 7, 8, 9 പ്രതികളെ വരാനിരിക്കുന്ന വിധിയിൽ ഒഴിവാക്കാൻ പോകുന്നു എന്നും, വിധി അനുകൂലമാക്കാൻ ജഡ്ജിക്ക് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പിന്തുണയുണ്ട് എന്നും കത്തിൽ പറയുന്നു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കത്തിന്റെ കോപ്പി വിജിലൻസിന് കൈമാറണമെന്നുമാണ് അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആരോപണങ്ങൾ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെയും രഹസ്യ സ്വഭാവത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയമാണ് എന്നും അഭിഭാഷക അസോസിയേഷൻ ചൂണ്ടിക്കാട്ടി.