തിരുവനന്തപൂരം: സംസ്ഥാനത്ത് 692 എഐ ക്യാമറകള്‍ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാൽ പിഴ ചുമത്തില്ല. നിയമ ഭേദഗതി നടത്തുന്നതിനാവശ്യമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊളളുന്നതു വരെ പിഴ ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. നാല് വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. അതേസമയം വിഐപികള്‍ക്ക് ഇളവ് നല്‍കുന്നത് നിലവിലെ നിയമങ്ങള്‍ അനുസരിച്ചെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ റോഡപകടങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്താണെന്നും സംസ്ഥാനത്ത് പ്രതിദിനം ശരാശരി 12 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നും മന്ത്രിപറഞ്ഞു. 2022ൽ സംസ്ഥാനത്ത് 43,910 റോഡപകടങ്ങളിൽ 4317 പേർ മരിക്കുകയും 49,307 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം ഏപ്രിൽ വരെ 1447 പേരാണ് മരിച്ചത്. ഈ അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നിയമലംഘകർക്ക് ചെല്ലാൻ അയക്കുന്നത് ആരംഭിക്കും. ഇവർക്ക് ആവശ്യമെങ്കിൽ, പിഴയ്ക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർക്ക് അപ്പീൽ നൽകാം. എ ഐ ക്യാമറ പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്താകെ 692 ക്യാമറകളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. 34 ക്യാമറകൾക്ക് പ്രശ്നമുള്ളതായി സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഉടൻ പ്രവർത്തന യോഗ്യമാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.