നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ ഈ വിഷയം സംസാരിച്ചതായും, സർക്കാർ അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2017-ൽ നടന്ന സംഭവത്തിൽ ദീർഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു.
ദിലീപിനെ വെറുതെ വിട്ട നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങളും ആശങ്കകളും ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.