Share this Article
News Malayalam 24x7
പന്ത്രണ്ടാം ദിവസവും സംഘര്‍ഷത്തിന് അയവില്ലാതെ തുടര്‍ന്ന് പശ്ചിമേഷ്യ
Middle East Regional Tension Day 12

പന്ത്രണ്ടാം ദിവസവും സംഘര്‍ഷത്തിന് അയവില്ലാതെ തുടര്‍ന്ന് പശ്ചിമേഷ്യ. ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ബഹ്‌റൈനിലും ഇസ്രയേലിലും ഇറാന്‍ തിരിച്ചടി തുടരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ പത്തു പടക്കപ്പലുകൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചടിയാണ് മേഖലയിൽ ഉണ്ടാകുന്നത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ചരക്കുകപ്പലുകളെ തടയാൻ മൈനുകൾ സ്ഥാപിക്കാനും എത്തിയ ഇറാന്റെ പടക്കപ്പലുകളെയാണ് തകർത്തതെന്ന് അമേരിക്ക അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും യുഎസ് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കനത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി മുന്നറിയിപ്പ് നൽകി.


ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 1300-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലബനനിലെ വാൻമയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇതോടെ ലബനനിലെ ആകെ മരണസംഖ്യ 570 കടന്നു. ടെഹ്‌റാനിലും ബെയ്റൂട്ടിലും ഇപ്പോഴും സ്ഫോടനങ്ങൾ തുടരുകയാണ്. ഇസ്രായേലിനും ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകുന്നുണ്ട്.


മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതായും ചർച്ചകൾ തുടരുമെന്നും ജയശങ്കർ അറിയിച്ചു. ആക്രമണങ്ങളിൽ നിന്ന് ഇറാൻ പിന്മാറണമെന്ന് തുർക്കിയും ആവശ്യപ്പെട്ടിട്ടുണ്ട്.


യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-7 (G7) ഇന്ന് അടിയന്തര യോഗം ചേരും. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലും ഇന്ന് ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories