അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ തുടരുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കുമെങ്കിലും, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനാൽ ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. ഇതോടെ, ഷട്ട്ഡൗൺ അടുത്ത ആഴ്ചയിലേക്കും നീളുമെന്നാണ് നിലവിലെ വിവരം. ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ധനാനുമതി ബിൽ പാസാക്കി പ്രസിഡന്റ് ഒപ്പിടേണ്ടതുണ്ട്. എന്നാൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ നയത്തോട് ഡെമോക്രാറ്റുകൾ എതിർപ്പ് പ്രകടിപ്പിച്ചു. ബിൽ പാസാകാൻ ആവശ്യമായ 60 വോട്ടുകൾ ലഭിക്കാത്തതിനെ തുടർന്നാണ് സെനറ്റിൽ ധനാനുമതി ബിൽ പരാജയപ്പെട്ടത്.
ഇതിനിടെ, ഏകദേശം 7 ലക്ഷത്തോളം സർക്കാർ ജീവനക്കാർ അവധിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുണ്ട്. ഈ അവധിയിലുള്ള ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ട സാഹചര്യം വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ സേവനങ്ങളിൽ അവശ്യ സർവീസുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഷട്ട്ഡൗൺ തുടരുന്നത് ദേശീയ സുരക്ഷ, ആരോഗ്യ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.