Share this Article
News Malayalam 24x7
ഒരു മണിക്കൂറോളം ലോക്സഭയില്‍ ഒരു പുസ്തകത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക് പോര്; രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിങ് നടത്തിയും സ്പീക്കറുടെ എതിർപ്പ്; നരവനെ ഓർമ്മക്കുറിപ്പുകൾ നിറഞ്ഞ ദിവസം
വെബ് ടീം
posted on 02-02-2026
1 min read
RAHUL GANDHI

ന്യൂഡൽഹി: ഇന്ന് ഒരു മണിക്കൂറോളമാണ് പാർലമെന്റിൽ ഒരു പുസ്തകത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക് പോര് നടന്നത്.സഭയിലെ നടപടി ക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഓം ബിര്‍ള പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിങ് നടത്തിയും സ്പീക്കറും പുസ്തകത്തെ കുറിച്ച് പറയുന്നത് എതിര്‍ത്തു.രാജ്‌നാഥ് സിങ്ങും അമിത് ഷായും കിരണ്‍ റിജിജുവുമെല്ലാം ചാടി എഴുന്നേറ്റ് എതിര്‍ക്കുന്നതും ലോക്സഭ കണ്ടു 

2019 ഡിസംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ ഇന്ത്യയുടെ 28ാമത് കരസേനാ മേധാവിയായിരുന്നു ജനറല്‍ മനോജ് മുകുന്ദ് നരവനെ. കോവിഡ്-19 മഹാമാരി, ഗാല്‍വന്‍ താഴ്വരയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം തുടങ്ങി ആധുനിക ഇന്ത്യ നേരിട്ട രണ്ട് വലിയ വെല്ലുവിളികളുടെ കാലത്ത് സൈന്യത്തെ നയിച്ചത് അദ്ദേഹമായിരുന്നു.ഒരു 'യഥാര്‍ത്ഥ പോരാളി' എന്നറിയപ്പെട്ട നരവനെയുടെ ഔദ്യോഗിക കാലം സംഭവബഹുലമായിരുന്നു. 

മുന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങളാണ് രാഹുല്‍ ഗാന്ധി സഭയില്‍ വായിക്കാൻ ശ്രമിച്ചത്.നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡസ്റ്റിനി' എന്ന ആത്മകഥയിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു തുടങ്ങിയതോടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനയിലാണ് പുറത്തിറങ്ങാത്ത ഈ പുസ്തകം.

നരവനെ കരസേനാ മേധാവിയായിരുന്ന കാലത്തുള്ള സുപ്രധാന സൈനിക, നയപരമായ നീക്കങ്ങളെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തിലെ പുറത്തു വന്ന ചില ഭാഗങ്ങളും സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്. 2020 ല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തെ കുറിച്ചും അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെ കുറിച്ചുമെല്ലാം പുസ്‌കത്തില്‍ പറയുന്നുണ്ട്. ഒരു വര്‍ഷത്തിനു മേലെയായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് പ്രസാധകർ.

ഗാല്‍വാന്‍ വാലി ഏറ്റുമുട്ടല്‍ സമയത്ത് 2020 ഓഗസ്റ്റ് 31 ന് രാത്രി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ, "നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക". ചൈനീസ് സൈന്യം ലഡാക്കിലേക്ക് വന്നപ്പോൾ രാജ്നാഥ് സിങ് കൃത്യമായ നിർദേശം നൽകിയില്ലെന്നും ഉചിതമായത് ചെയ്യൂ എന്ന് പറഞ്ഞൊഴിഞ്ഞെന്നുമാണ് നരവനെയുടെ കുറിപ്പിലെ ആരോപണം. നിര്‍ണ്ണായക സമയത്ത് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതിനെ കുറിച്ചും പുസ്തകത്തില്‍ പറയുന്നു.

അഗ്നിപഥ് പദ്ധതിയെ കുറിച്ച് പറയുന്നത് ഇങ്ങനെ, സൈന്യം ആദ്യം മുന്നോട്ടുവെച്ച 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്ന നിര്‍ദ്ദേശത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് മോഡല്‍ നടപ്പിലാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു.

ഗാല്‍വാന്‍ സംഘര്‍ഷത്തിനിടയിൽ സൈന്യത്തിന് കൃത്യമായ നിർദേശം നൽകാതിരുന്നതും അഗ്നിപഥ് പദ്ധതിയെ കുറിച്ചുമുള്ള പുറത്തുവന്ന വിവരങ്ങളും നേരത്തേ തന്നെ വിവാദമായിരുന്നു. ഇതാണ് പുസ്തകത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ രാജ്‌നാഥ് സിങ്ങും അമിത്ഷായും ഇടപെട്ടതും. പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ സഭയില്‍ പറയുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാല്‍, മാഗസിനില്‍ വന്ന കാര്യങ്ങളാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

പുസ്തകത്തിലെ ചില കാര്യങ്ങള്‍ കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞത്. മാസികയിലെ കുറിപ്പ് വായിക്കാന്‍ രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ അനുവദിച്ചില്ല. ദേശസുരക്ഷയെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും താത്പര്യമില്ലെന്ന് രാഹുല്‍ തുറന്നടിച്ചു.

അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങളിലും അഗ്നിപഥ് പോലുള്ള വിഷയങ്ങളിലും സര്‍ക്കാരിന് വ്യക്തതയില്ലെന്നാണ് ജനറല്‍ നരവനെയുടെ വെളിപ്പെടുത്തലില്‍ നിന്നും തെളിയുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാനെ 1960 ഏപ്രില്‍ 22 ന് പൂനെയിലാണ്  ജനിച്ചത്. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) യിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) യിലും അദ്ദേഹം പഠനം നടത്തി. പ്രതിരോധ പഠനങ്ങളില്‍ എം.ഫില്‍. ബിരുദവും നേടിയിട്ടുണ്ട്.1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ഏഴാം ബറ്റാലിയനിലാണ് നരവാനെ കമ്മീഷന്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ രണ്ടാം ബറ്റാലിയനായ 106 ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കമാന്‍ഡറായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories