വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടക്കുളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് വാളയാർ പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. നേരത്തെ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കേസിൽ 15-ഓളം പേർ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളിൽ ചിലർ അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷണം അങ്ങോട്ടേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിനായി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിരുന്നു.
കൊല്ലപ്പെട്ട രാം നാരായണന്റെ ശരീരത്തിൽ 40-ഓളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മർദ്ദനമേറ്റ് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ക്രൂരമായ മർദ്ദനമാണ് ഇയാൾ നേരിട്ടതെന്ന് റീമാൻഡ് റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം ചത്തീസ്ഗഡിലെ റായ്‌പൂരിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് ആംബുലൻസ് മാർഗ്ഗം ജന്മനാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംഭവത്തിൽ ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. "ഏറെ ദുഃഖകരമായ സംഭവമാണിത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ കേരള സർക്കാർ ഉറപ്പാക്കണം" എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ മധുവിന് പിന്നാലെ പാലക്കാട് ജില്ലയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം നടന്നത് കേരളത്തിന് വലിയ നാണക്കേടായിരിക്കുകയാണ്.