ഇടുക്കി: നാലുമാസമായി ശമ്പളം പോലും ലഭിക്കാതെ പ്രതിസന്ധിയിലാണ് ഇടുക്കി പീരുമേട് പോബ്സ് തേയില തോട്ടത്തിലെ തൊഴിലാളികൾ. ഏതു സമയവും തോട്ടം അടച്ചുപൂട്ടുമെന്ന ആശങ്കയിലാണ് 1500 ഓളം തൊഴിലാളികൾ കഴിയുന്നത്.
ഇടുക്കിയിലെ വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പ്രമുഖ തേയില തോട്ടമാണ് പോബ്സ് ഗ്രൂപ്പിൻ്റേത്. ഇവിടുത്തെ 1500 ഓളം തൊഴിലാളികളാണ് നാലുമാസത്തെ ശമ്പളത്തിനായി കാത്തിരിക്കുന്നത്. ഈ മേഖലയിലെ വൻകിട തേയില തോട്ടങ്ങളെല്ലാം പോബ്സ് ഗ്രൂപ്പിന്റേതാണ്. അത്കൊണ്ട്തന്നെ തോട്ടംമേഖലയാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തെ ശമ്പളം ഏപ്രിൽ 15 ന് മുൻപായി കൊടുക്കാം എന്ന് തോട്ടം ഉടമ ഉറപ്പ് നൽകി. എന്നാൽ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ 15 ദിവസത്തെ ശമ്പളമാണ് എത്തിയത്.ഇതോടെ തൊഴിലാളികളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
പോബ്സ് ഗ്രൂപ്പിന്റെ. മഞ്ജുമല, ഗ്രാംബി, തേങ്ങാക്കല്ല്എന്നീ ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണ്. നിത്യ ചെലവിനായി പോലും തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടുന്നു. ആഴ്ചയിൽ ലഭിക്കുന്ന ചെലവ് കാശ് 300 രൂപയാണ്. ഇതുകൊണ്ട് വേണം നാലും അഞ്ചും അംഗങ്ങളുള്ള കുടുംബം കഴിയാൻ. തോട്ടം അടച്ചു പൂട്ടുമെന്ന് സൂചനകൂടി വന്നതോടെ കടുത്ത ആശങ്കയിലാണ് തൊഴിലാളികൾ.