കടുത്ത വേനലിലും കണ്ണിന് കുളിര്‍മ നല്‍കുന്ന കണിക്കൊന്ന പൂക്കള്‍ മലയാളിക്ക് സമൃദ്ധിയിലേയ്ക്കുള്ള ഒരു കാഴ്ച കൂടിയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണിക്കൊന്ന കാലം തെറ്റിയാണ് പൂക്കാറുള്ളത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കണിക്കൊന്ന നേരത്തേ പൂക്കുന്നതിന്റെ കാരണങ്ങളാണ്.
ചില ആഘോഷങ്ങള്‍ കലണ്ടറിനേക്കാള്‍ മുന്‍പ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. വേനല്‍ തുടങ്ങുന്നതോടെയാണ് സസ്യങ്ങള്‍ പുഷ്പിക്കാന്‍ തുടങ്ങുന്നത്. ചെറിയ ചൂട് തുടങ്ങുന്നതു മുതല്‍ ഓരോ ചെടിയും പുഷ്പിച്ചുതുടങ്ങും.
എന്നാല്‍ കണിക്കൊന്ന പൂക്കണമെങ്കില്‍ കടുത്ത ചൂടുള്ള കാലാവസ്ഥ തന്നെ വേണ്ടിവരുന്നു. അത് മീനമാസത്തില്‍ തളിരിടുകയും, മേടമാസത്തില്‍ പൂക്കുകയുമാണ് ചെയ്യുന്നത്. ഏതൊരു പുഷ്പത്തിനും അതിന്റെ ജീവിതചക്രം ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. താപനിലയിലെ വ്യത്യാസങ്ങളും, വെളിച്ചത്തിന്റെ തീവ്രതയും, കാലപരിധിയും ഓരോ ചെടിയുടെയും പുഷ്പിക്കല്‍ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്.
വേനല്‍ കാലത്തു ഭൂഗര്‍ഭ ജലനിരപ്പ് കൂടുതലായി താഴുമ്പോള്‍ ജലത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നു. അത്തരത്തില്‍ ഉണ്ടാകുന്ന ജലക്ഷാമത്തെ പ്രതിരോധിക്കുന്നതിനാണ് കണിക്കൊന്ന പുഷ്പിക്കുന്നത്. നിലനില്‍പിനായുള്ള ചെറുത്തുനില്‍പ്പുകൂടെയാണിത്.
വേനല്‍ കടുക്കുമ്പോള്‍ മണ്ണിലെ ജലാംശം ഏതുസമയവും ഇല്ലാതായേക്കാമെന്ന് അവ കൃത്യമായി മനസ്സിലാക്കുന്നു. അതിന്റെ ഫലമായി വേഗം പുഷ്പിക്കുകയും ചെയ്യുന്നു. സസ്യങ്ങളുടെ ഈ സ്വാഭാവിക ജീവല്‍ പ്രക്രിയകള്‍ ഇന്ന് വലിയൊരളവില്‍ തകിടം മറിഞ്ഞിരിക്കുകയാണ്.
വിഷുക്കാലത്തു പൂത്തിരുന്ന കണിക്കൊന്ന മാസങ്ങള്‍ക്കുമുന്‍പേ പൂക്കുന്ന പ്രതിഭാസം ഇപ്പോള്‍ കുറേക്കാലമായി ദൃശ്യമാകുന്നുണ്ട്. കൂടാതെ വര്‍ഷത്തില്‍ ഒന്നിനുപകരം പലതവണ കണിക്കൊന്ന പൂക്കുകയും ചെയ്യുന്നു. ഇതിന്റെ പിന്നില്‍ ആഗോളതാപനവും, കാലാവസ്ഥാവ്യതിയാനവും ആണെന്ന് വിദഗ്ധര്‍ പറയുന്നു.
ആഗോളതാപനം മൂലം അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് കൂടുന്നതും കാലാവസ്ഥാവ്യതിയാനം മൂലം പതിവിന് വിരുദ്ധമായി ചിലമാസങ്ങളില്‍ താപനില ഉയരുന്നതും കണിക്കൊന്ന മാര്‍ച്ച് മാസത്തിന്റെ ആദ്യസമയങ്ങളില്‍ തന്നെ പൂക്കുന്നതിന്റെകാരണങ്ങളാണ്.