Share this Article
KERALAVISION TELEVISION AWARDS 2025
വൈഷ്ണയ്ക്കൊപ്പം മരിച്ചത് ബിനു, സിസി ടിവി ദൃശ്യം, ഡിഎന്‍എ സാംപിള്‍; സുഹൃത്തിനെ വിളിച്ചു പ്രതികാരം തീര്‍ക്കാന്‍ പോകുന്നുവെന്നു ബിനു പറഞ്ഞതായി മൊഴിയും
വെബ് ടീം
posted on 04-09-2024
1 min read
pappanamcode fire

തിരുവനന്തപുരം: പാപ്പനംകോട് ജംക്‌ഷന് സമീപം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റ് പോര്‍ട്ടല്‍ ഓഫിസില്‍ ദുരൂഹ സാഹചര്യത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഓഫിസ് ജീവനക്കാരി വൈഷ്ണയ്‌ക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് ബിനു ആണെന്ന് നിഗമനം. ഇതു സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. ബിനു വൈഷ്ണയുടെ ഓഫിസിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തോള്‍സഞ്ചിയുമായി ഓട്ടോറിക്ഷയില്‍ ഓഫിസിനു സമീപം ബിനു വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്.

ഒരു സുഹൃത്തിനെ വിളിച്ചു പ്രതികാരം തീര്‍ക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ബിനു സംസാരിച്ചിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. തോള്‍സഞ്ചിയില്‍ മണ്ണെണ്ണ കാനുമായാണ് ഇയാള്‍ വന്നതെന്നാണു പൊലീസ് കരുതുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. ഇയാളുടെ ചില ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. 

‌ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫിസിലെ ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തില്‍ വാടകയ്ക്കു താമസിക്കുന്ന വി.എസ്.വൈഷ്ണയും (34) ഒരു പുരുഷനുമാണു മരിച്ചത്. വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനു കുമാര്‍ ആണ് മരിച്ചതെന്ന നിഗമനത്തിലേക്കാണു പൊലീസ് എത്തുന്നത്. ഇയാളുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്. സംഭവത്തിനു ശേഷം ഇയാള്‍ വീട്ടില്‍ എത്തിയിട്ടുമില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലെ ഓഫിസില്‍ പൊട്ടിത്തെറിയോടൊപ്പം പുകയും തീയും വ്യാപിച്ചത്. സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. കനത്ത പുക കാരണം ആര്‍ക്കും അടുക്കാനായില്ല. അഗ്‌നിരക്ഷാ സേനയെത്തി തീ കെടുത്തിയ ശേഷമാണ് പൊലീസ് അകത്തു കയറി പരിശോധിച്ചത്. രണ്ടു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇതിലൊന്ന് വൈഷ്ണയാണെന്നു തിരിച്ചറിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories