ഗാസയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ അൽ ജസീറ വാർത്താ സംഘവും കൊല്ലപ്പെട്ടു. അൽ ഷിഫ ആശുപത്രിക്ക് സമീപം മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റിപ്പോർട്ടറും ക്യാമറാമാനും ഉൾപ്പെടെ അഞ്ചംഗ സംഘം കൊല്ലപ്പെട്ടത്.
റിപ്പോർട്ടർമാരായ അനസ് അൽ ഷരീഫ്, മുഹമ്മദ് ഖൈറേഗ്, ക്യാമറാമാന്മാരായ ഇബ്രാഹിം സഹീർ, മുവാമിൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമാണ്. മാധ്യമപ്രവർത്തകരെ മനഃപൂർവം ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ ആരോപിച്ചു. ഐക്യരാഷ്ട്രസഭയും കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപം സ്ഥാപിച്ചിരുന്ന മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ ആകെ ഏഴുപേർ കൊല്ലപ്പെട്ടതായും ഇതിൽ അഞ്ചുപേർ അൽ ജസീറ സംഘത്തിലുള്ളവരാണെന്നും ചാനൽ സ്ഥിരീകരിച്ചു.
യുദ്ധം ആരംഭിച്ചതു മുതൽ ഗാസയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മുതിർന്ന കറസ്പോണ്ടന്റായിരുന്നു കൊല്ലപ്പെട്ട അനസ് അൽ ഷരീഫ്. താൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്ന് സൂചിപ്പിച്ച് അദ്ദേഹം തയ്യാറാക്കിയ കുറിപ്പ് മരണശേഷം അൽ ജസീറ പുറത്തുവിട്ടു. "എന്റെ രക്തസാക്ഷിത്വത്തിന് ശേഷം, എന്റെ കുടുംബത്തിനും ഗാസയിലെ ജനങ്ങൾക്കുമായി ഈ കുറിപ്പ് പ്രസിദ്ധീകരിക്കണം. ഞാൻ സത്യം അതേപടി അറിയിക്കാൻ ശ്രമിച്ചു. അത് വളച്ചൊടിക്കുകയോ ഭയന്ന് പിന്മാറുകയോ ചെയ്തില്ല," എന്ന് കുറിപ്പിൽ പറയുന്നു.