ലഖ്നൗ: എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് വീണ്ടും ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. ഉത്തർപ്രദേശിൽ ആണ് ബിഎല്‍ഒ ജീവനൊടുക്കിയത്. അധ്യാപകൻ വിപിൻ യാദവാണ് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം.
വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ അധ്യാപകനെ ഗോണ്ട മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് (കെജിഎംയു) കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീ കരിക്കുകയായിരുന്നു.
വിപിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മെഡിക്കൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഗോണ്ടയിൽ നിന്നുള്ള എസിഡിഎം സദർ അശോക് കുമാർ ആംബുലൻസിനെ അനുഗമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. 30 മിനിറ്റോളം അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും വിഷം ശരീരത്തിലുടനീളം പടർന്നതിനാൽ ശ്വസന തടസം ഉണ്ടായിയെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു.