ഭോപാൽ: വിജയ ദശമി ആഘോഷങ്ങൾക്കിടെയുണ്ടായ 2 അപകടങ്ങളിലായി മധ്യപ്രദേശിൽ 13 പേർ മരിച്ചു. ഖാണ്ഡ്‌വ ജില്ലയിൽ വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പോയ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇതിൽ 8 പേർ പെൺകുട്ടികളാണ്. 25 പേരോളം ട്രാക്ടറിൽ ഉണ്ടായിരുന്നെന്നാണ് വിവരം. കാണാതായവർക്കായി തിരച്ചിൽ നടക്കുകയാണ്. ആർഡ്‌ല, ജാമ്‌ലി ഗ്രാമങ്ങളിൽനിന്ന് പോയവരാണ് അപകടത്തിൽപ്പെട്ടത്.
ഉജ്ജയിനിലെ ഇങ്കോറിയയിൽ വിശ്വാസികളുമായി പോയ ട്രാക്ടർ ചമ്പൽ നദിയിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടമുണ്ടായത്. ട്രാക്ടറിലുണ്ടായിരുന്ന പന്ത്രണ്ടുകാരൻ പെട്ടെന്ന് വാഹനം ഓണാക്കിയതാണ് അപകടകാരണമെന്നാണ് സൂചന. ഇതോടെ ട്രാക്ടർ നിയന്ത്രണംവിട്ട് നദിയിൽ പതിച്ചു. 12 കുട്ടികൾ നദിയിൽ വീണെങ്കിലും 11 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ രണ്ടുപേർ പിന്നീട് ആശുപത്രിയിൽവച്ച് മരിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ യാദവ് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.