ശ്രീലങ്കയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. വിങ് കമാൻഡർ നിർമ്മൽ സിയാബലാപിതിയ ആണ് മരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് മൂന്ന് വ്യോമസേന ഉദ്യോഗസ്ഥർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡിറ്റ്‍വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അപകടം. ശ്രീലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്ററാണ് തകർന്നത്. പറക്കുന്നതിനിടെ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുമ്പോൾ ജിൻ നദിയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെയാണ് ഈ ദുരന്തം.