ബലാത്സംഗ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. ഹർജി ഡിസംബർ 15-ന് വീണ്ടും പരിഗണിക്കും.
അതുവരെ രാഹുലിനെതിരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഗൗരവകരമാണെന്നും ഇരുപക്ഷത്തെയും വിശദമായി കേൾക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, പരാതി നൽകാൻ കാലതാമസം വരുത്തിയെന്നും, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് നടന്നതെന്നും രാഹുൽ ഹർജിയിൽ വാദിച്ചിരുന്നു. താൻ ഒളിവിലാണെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും രാഹുൽ കോടതിയെ അറിയിച്ചു.
എന്നാൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന രണ്ടാമത്തെ പരാതിയിൽ ഹൈക്കോടതിയുടെ ഈ ഉത്തരവ് ബാധകമല്ല. ആ കേസിൽ അറസ്റ്റ് ചെയ്യുന്നതിന് നിലവിൽ തടസ്സങ്ങളില്ല. രണ്ടാമത്തെ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വലിയ ആശ്വാസമാണ് നൽകുന്നത്.