Share this Article
Union Budget
ഇന്ത്യയിൽ എംപോക്‌സ് സ്ഥിരീകരിച്ചു
വെബ് ടീം
posted on 09-09-2024
14 min read
M POX

ന്യൂഡല്‍ഹി: രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ ഇയാള്‍ക്ക് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

2022 മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുവാവ് നിലവിൽ ചികിത്സകളോടു പ്രതികരിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതിനിടെ കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ യുവാവിനു വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാളുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. പിന്നാലെ ഇന്ത്യയില്‍ എംപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം രം​ഗത്തെത്തിയിരുന്നു. പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. എംപോക്‌സില്‍ അനാവശ്യ പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പഴയ വകഭേദം മറ്റൊരു യുവാവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

എംപോക്‌സ് ലക്ഷണങ്ങളുമായി സംശയിക്കുന്നവരെ സ്‌ക്രീനിങ് ചെയ്യുകയും ടെസ്റ്റിങ് നടത്തുകയും ചെയ്യണമെന്നു കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധയുള്ളവരെ ഐസൊലേഷന് വിധേയമാക്കണം. രോഗവ്യാപനം തടയാന്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

സ്ഥിതിഗതികള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുയാണ്. പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാന-ജില്ലാതലങ്ങളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അവലോകനം നടത്തണം. സംശയിക്കപ്പെടുന്ന കേസുകളും സ്ഥിരീകരിച്ചവയും വേണ്ടത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാന്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഉറപ്പുവരുത്തണം. ഇത്തരം സാഹചര്യങ്ങളില്‍ മതിയായ ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories