കാഠ്മണ്ഠു: രണ്ടുമാസത്തെ ഇടവേളക്കു ശേഷം നേപ്പാളിൽ പുതിയ പ്രക്ഷോഭം. തെരുവിലിറങ്ങിയ പ്രക്ഷോഭകരെ നേരിടാൻ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സിമാറയിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.പ്രാദേശിക സമയം ഉച്ചക്ക് ഒരു മണി മുതൽ എട്ടുമണിവരെയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും പൊലീസും പ്രക്ഷോഭകരും തമ്മിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.ബുധനാഴ്ച പ്രക്ഷോഭത്തിനിടെ ഏതാനും ജെൻ സി പ്രക്ഷോഭകർക്ക് പരിക്കേറ്റിരുന്നു.
രാജ്യത്ത് 2026 മാർച്ച് അഞ്ചിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.സെപ്റ്റംബറിലുണ്ടായ പ്രക്ഷോഭങ്ങളിൽ 76 പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭങ്ങൾക്കൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശർമ ഓലി രാജിവെച്ചു. തുടർന്ന് നേപ്പാൾ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല സർക്കാറിലെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് 73കാരിയായ സുശീല കർക്കി.