നെടുമ്പാശ്ശേരി: ദുബായിൽനിന്ന് വന്ന യുവാവിനെ വിമാനത്താവള പരിസരത്തുനിന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിച്ച് മൊബൈൽ ഫോണും ബാഗും തട്ടിയെടുത്തശേഷം ആറംഗ സംഘം വഴിയിൽ തള്ളി. കാസർകോട് കിഴക്കേക്കര തവക്കൽ മൻസിലിൽ അബ്ദുൽഹമീദിന്‍റെ മകൻ മുഹമ്മദ് ഷാഫിയെയാണ് (40) അജ്ഞാതരായ ആറുപേർ തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച പുലർച്ച 12.30ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കൊച്ചിയിലിറങ്ങിയശേഷം ഇന്‍റർനാഷനൽ ടെർമിനലിൽനിന്ന് പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുമ്പോൾ പിന്നിൽനിന്ന് എത്തിയ മൂന്നുപേർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി ഫോർച്യൂണർ കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്നുപേർകൂടി ഉണ്ടായിരുന്നുവെന്നും ഷാഫി പറയുന്നു. ഒരുലക്ഷം രൂപ വിലവരുന്ന ഐഫോണും ഹാൻഡ് ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കി. സ്വർണം എവിടെയാണെന്ന് ചോദിച്ചായിരുന്നു മർദനം. പല സ്ഥലങ്ങളിലായി കറങ്ങിയശേഷം 2.30ഓടെ ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടു. മർദിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.