കരുരില്‍ നടന്ന നടനും ടി.വി.കെ. അധ്യക്ഷനുമായ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം തമിഴ്നാടിനെ നടുക്കി. മരിച്ചവരിൽ ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 9 കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടുന്നു.
ദുരന്തത്തിൽ നടൻ വിജയ് അതീവ ദുഃഖം രേഖപ്പെടുത്തി. "എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾക്ക് അതീതമായ അസഹനീയമായ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ. കരുരില്‍ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് ഞാൻ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു," വിജയ് തന്റെ എക്സ് പേജിൽ കുറിച്ചു.
സംഭവത്തിൽ സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരുരിലെത്തി മരിച്ചവരുടെ കുടുംബങ്ങളെയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.