അമേരിക്കയുമായുള്ള ആണവ കരാറിലെത്താൻ ഇറാനിന് പത്ത് ദിവസത്തെ അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിൽ എത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ പശ്ചിമേഷ്യയിൽ വളരെ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും അമേരിക്ക ഒരു പടികൂടി മുന്നോട്ട് കടക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസി'ന്റെ ആദ്യ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പത്ത് ദിവസത്തിനുള്ളിൽ യു.എസുമായി ചർച്ചകൾ പൂർത്തിയാക്കണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉൾപ്പെടെയുള്ളവ ഇറാൻ ഉപേക്ഷിക്കാൻ തയ്യാറാകണമെന്നുമാണ് അമേരിക്കയുടെ ആവശ്യം.
ഇതിന് വഴങ്ങിയില്ലെങ്കിൽ ഇറാന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഇതിന്റെ മുന്നൊരുക്കമായി അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനങ്ങൾ പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. ട്രംപിന്റെ പുതിയ ഭീഷണിയോടെ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന കടുത്ത ആശങ്കയിലാണ് ലോകരാജ്യങ്ങൾ.