പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടും പത്താം ദിവസവും രാഹുൽ ഒളിവിൽത്തന്നെ തുടരുകയാണ്.
തനിക്കെതിരായ കേസ് പൂർണമായും രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ പ്രധാനമായും വാദിക്കുന്നത്. പൊലീസിൽ നൽകേണ്ട പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയതും, സംഭവം നടന്ന് ഏറെ വൈകി പരാതി നൽകിയതും സംശയകരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് നടന്നതെന്നും, ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുകളുണ്ടെന്നും, താൻ ഹാജരാക്കിയ തെളിവുകൾ കീഴ്ക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റ് തടയണമെന്നുമാണ് രാഹുലിന്റെ ആവശ്യം. കർണാടക, വയനാട്, കാസർകോട് അതിർത്തികൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിൽ ഒരു അഭിഭാഷകന്റെ സഹായത്തോടെ രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നതായും, പിന്നീട് അവിടെ നിന്ന് കടന്നുകളഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പത്ത് ദിവസമായിട്ടും ഒരു എംഎൽഎയെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ടുപോകാനുള്ള രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം രാഹുലിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.