തമിഴ്നാട്ടിലെ കരുരിൽ തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് നടത്തിയ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ എഫ്.ഐ.ആർ. റിപ്പോർട്ട് പുറത്ത്. പരിപാടിക്ക് എത്താൻ വിജയ് മനഃപൂർവം വൈകിയെന്നും അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്.ഐ.ആറിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു.
നിശ്ചയിച്ച സമയത്തിലും നാല് മണിക്കൂറോളം വൈകിയാണ് വിജയ് പരിപാടിയിൽ പങ്കെടുത്തത്. കൂടുതൽ ആളുകളെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രദർശിപ്പിക്കാനുമാണ് മനഃപൂർവം വൈകിപ്പിച്ചത് എന്നാണ് ആരോപണം.
പ്രസംഗിക്കാൻ മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ അനുമതി ലംഘിച്ച് വിജയ് തെരുവിലിറങ്ങി റോഡ് ഷോ നടത്തുകയും സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
പരിപാടി നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളുകൾ കൂടിയതിനെ തുടർന്ന്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.വി.കെ. സംസ്ഥാന ഭാരവാഹികളായ ബുസ്യാനന്ദ്, സി.ടി. നിർമൽ കുമാർ, ആദവ് അർജ്ജുന എന്നിവർക്ക് പരിപാടി വൈകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു.
ഇതിനിടെ, കൊലയാളിയായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാമക്കലിൽ തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മയുടെ പേരിൽ രക്തം പുരണ്ട കൈകളുമായി നിൽക്കുന്ന വിജയ്യുടെ ചിത്രമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കരുർ സന്ദർശിക്കാൻ അനുമതി തേടി ടി.വി.കെ. അധ്യക്ഷൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴ് വെട്രികഴകവും മറ്റൊരു ഹർജി സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജികൾ ഇന്ന് അടിയന്തിരമായി പരിഗണിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പ്രത്യേക സിറ്റിംഗ് റദ്ദാക്കുകയും ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിവെക്കുകയും ചെയ്തു.
കരുർ ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടി.വി.കെ. അധ്യക്ഷൻ വിജയ്യുമായി ഫോണിൽ സംസാരിച്ചു. ദുരന്തത്തിൽ രാഹുൽ ഗാന്ധി വിജയ്ക്ക് പിന്തുണ അറിയിച്ചു.