Share this Article
News Malayalam 24x7
കോഴിക്കോട് I.G ഓഫീസിലേക്ക് UDF പ്രതിഷേധം; S.P യുടെ വാദം പൊളിക്കുന്ന ദൃശ്യം പുറത്തുവിട്ട് കോൺഗ്രസ്
UDF Protests at Kozhikode IG Office

ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പൊലീസ് നടപടിയിക്കെതിരെ കോഴിക്കോട് ഐ.ജി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. എംപിയായ ഷാഫിയെ പൊലീസ് ആക്രമിച്ച നടപടിക്കെതിരെ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയെ സമീപിക്കുമെന്ന് എം.കെ രാഘവൻ എം.പി വ്യക്തമാക്കി. അതിനിടയിൽ പേരാമ്പ്രയിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന് റൂറൽ എസ്.പിയുടെ വാദം കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യം കോൺഗ്രസ് പുറത്തുവിട്ടു.

കോഴിക്കോട് പേരാമ്പ്രയിൽ പൊലീസ് നടപടിക്കിടെ ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഐജി ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ പ്രകടനമായി  യുഡിഎഫ് പ്രവർത്തകർ ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരം എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എംപിയെ  ആക്രമിച്ച പോലീസുകാരെ ഡൽഹിയിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കുമെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. എത്ര അതിക്രമം നടത്തിയാലും അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചത് മറച്ചുവെക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് സംസാരിച്ച ടി.സിദ്ധീഖ് എംഎൽഎ കോഴിക്കോട് റൂറൽ എസ് പി കെ ഇ ബൈജുവിനെതിരെ രൂക്ഷമായ രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിച്ചത്.അതിന് പിന്നാലെയാണ് പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞത്. ഇതോടെ പിരിഞ്ഞു പോയില്ലെങ്കിൽ ലാത്തിച്ചാർജ് നടത്തും എന്ന ബാനർ പൊലീസുയർത്തി.  യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ കൂവിവിളിച്ചു.

എം.കെ.രാഘവൻ എംപി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് യുഡിഎഫ് പ്രവർത്തകരെ ശാന്തരാക്കിയത്. പേരാമ്പ്രയിൽ ലാത്തിച്ചാർജ് നടത്തിയിരുന്നില്ല എന്ന റൂറൽ എസ്.പി.കെ.ഇ. ബൈജുവിന്റെ വാദം കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യവും കോൺഗ്രസ് പുറത്തുവിട്ടു.പരിക്കേറ്റ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories