ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുക എന്നത് ഇറാന്റെ നിയമപരമായ കടമയും അവകാശവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖമേനിയുടെ മരണം ഒരു വലിയ രക്തസാക്ഷിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്കെതിരെയുള്ള, പ്രത്യേകിച്ച് ഷിയാ മുസ്ലിംങ്ങൾക്കെതിരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ് ഖമേനിയുടെ വധത്തിലൂടെ അമേരിക്കയും ഇസ്രായേലും നടത്തിയിരിക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണിതെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.
പരമോന്നത നേതാവിന്റെ അഭാവത്തിലും രാജ്യത്തിന്റെ ഭരണം തടസ്സമില്ലാതെ തുടരുമെന്നും താൽക്കാലിക നേതൃത്വ കൗൺസിൽ രാജ്യത്തെ നയിക്കുമെന്നും പെസഷ്കിയാൻ അറിയിച്ചു. ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.
അബുദാബിയിലും ദുബായിലും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബുദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.