തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് നടപടി. അതേസമയം, വിജയകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 31ന് പരിഗണിക്കും.
ശബരിമല സ്വർണക്കവർച്ചയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.ഇന്ന് ഉച്ചയ്‌ക്കാണ് വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഓഫീസിലെത്തി കീഴടങ്ങിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദേശിച്ചുവെന്നാണ് വിജയകുമാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടും പറഞ്ഞു. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. പത്‌മകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഹെെക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.