ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലും പ്രതിഷേധങ്ങൾക്ക് നടുവിലും ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ.നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്. മാർഷൽമാരെ അണിനിരത്തിയതോടെ ഇവർക്കെതിരെ കൂവിവിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയായിരുന്നു. ബിൽ അവതരണത്തിന് ശേഷം ലോക്സഭ 5 മണിവരെ നിർത്തിവച്ചു. പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതി. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്പിച്ചെന്ന് തൃണമൂൽ കോൺഗ്രസും പരാതി നൽകി.
പേപ്പറിനുള്ളിൽ പ്രതിപക്ഷം കല്ല് പൊതിഞ്ഞു കൊണ്ട് വന്നെന്ന് ബിജെപിയും ആരോപിച്ചു. അമിത് ഷാ സംസാരിച്ചപ്പോൾ മൈക്ക് പിടിച്ചു തകർക്കാൻ നോക്കിയെന്നും പരാതിയിലുണ്ട്. അതേസമയം, അംഗങ്ങൾക്കെതിരെ സ്പീക്കർ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണ്. ബില്ല് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ഒവൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.