സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം (പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ്) സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുകാരിക്കാണ് അപൂർവവും അപകടകരവുമായ ഈ രോഗം കണ്ടെത്തിയത്.
കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിവരികയാണ്. കടുത്ത പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ കോഴിക്കോട് താമരശ്ശേരിയിൽ സമാനമായ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
അതേസമയം, താമരശ്ശേരിയിൽ മരിച്ച ഒൻപത് വയസ്സുകാരിയുടെ ഏഴും ഒൻപതും വയസ്സുള്ള സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നത് ആശ്വാസകരമായ വാർത്തയാണ്.