Share this Article
News Malayalam 24x7
അയ്യപ്പ സംഗമം ധൂര്‍ത്തല്ല, റിപ്പോര്‍ട്ടിന്റെ പേരില്‍ വാസ്തവവിരുദ്ധ പ്രചാരണം; വിശദീകരണവുമായി ദേവസ്വം
Devaswom Board Refutes Allegations of Overspending in Ayyappa Sangamam Audit Report

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിപാടിയിൽ യാതൊരുവിധ ധൂർത്തും നടന്നിട്ടില്ലെന്നും കണക്കുകൾ തയ്യാറാക്കിയതിലെ പിശകുകളാണ് അവ്യക്തതയ്ക്ക് കാരണമായതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്ന് പണമെടുത്ത് ധൂർത്തടിച്ചു എന്ന ആരോപണം പ്രസിഡന്റ് നിഷേധിച്ചു. പ്രത്യേക അനുമതിയോടെ എടുത്ത അഞ്ച് കോടി രൂപയിൽ മൂന്ന് കോടി രൂപ ഇതിനകം സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് തിരിച്ചടച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് (2 കോടി), കേരള ബാങ്ക് (1 കോടി) എന്നിവരിൽ നിന്നുള്ള തുക ലഭിച്ചു കഴിഞ്ഞു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ബാക്കി തുക ഉടൻ ലഭിക്കുമെന്നും ബോർഡ് വ്യക്തമാക്കി.


മുഖ്യമന്ത്രിക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിൽ വാങ്ങി എന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്ന് ബോർഡ് വിശദീകരിച്ചു. പമ്പയിലെ വി.ഐ.പി ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായി വാങ്ങിയ ഫർണിച്ചറുകൾ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഇതിനായി ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ചിലവായത്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേരിൽ കട്ടിൽ വാങ്ങിയതായി ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും ബോർഡ് കൂട്ടിചേർത്തു.


നന്ദഗോവിന്ദം ഭജൻ സംഘത്തിന് എട്ടു ലക്ഷം രൂപ നൽകി എന്ന കണക്ക് തെറ്റാണെന്ന് ബോർഡ് അറിയിച്ചു. അവർക്ക് പകരം കലാകാരനായ ഈഷാൻ ദേവിന്റെ പരിപാടിയാണ് നടന്നത്. അതിന്റെ റിഹേഴ്സൽ ഉൾപ്പെടെയുള്ള ചിലവുകൾക്കാണ് തുക വിനിയോഗിച്ചത്. കൂടാതെ, പമ്പാ സംഗമ സമയത്ത് അയ്യായിരത്തോളം ഭക്തർക്കും തൊഴിലാളികൾക്കും ഭക്ഷണം നൽകിയതിന്റെ കൃത്യമായ കണക്കുകൾ ബോർഡിന്റെ പക്കലുണ്ടെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.


ശബരിമല സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് ധൃതിയിൽ തയ്യാറാക്കിയതിനാൽ ചില സാങ്കേതിക പിശകുകൾ കടന്നുകൂടിയിട്ടുണ്ട്. ഈ മാസം 17-ാം തീയതി ചേരുന്ന ബോർഡ് യോഗത്തിൽ ഈ പിശകുകൾ തിരുത്തിയ പുതിയ റിപ്പോർട്ട് അവതരിപ്പിക്കുമെന്നും ഇതോടെ എല്ലാ ദുഷ്പ്രചാരണങ്ങളും അവസാനിക്കുമെന്നും കെ. ജയകുമാർ പ്രത്യാശ പ്രകടിപ്പിച്ചു.







നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories