എഫ്.സി.ആർ.എ (FCRA) നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രത്യേക സിറ്റിംഗ് ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വനിതാ സംവരണ ബില്ലിനൊപ്പം മറ്റ് ബില്ലുകൾ ചർച്ച ചെയ്യാൻ സഭയിൽ ആവശ്യമായ സമയമില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
ഈ മാസം 16-ന് ചേരുന്ന സഭയിൽ വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ മാത്രമായിരിക്കും ചർച്ച ചെയ്യുക എന്ന് സർക്കാർ വിവിധ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചിട്ടുണ്ട്. സീറ്റുകൾ വർദ്ധിപ്പിച്ചുകൊണ്ട് 2029 മുതൽ വനിതാ സംവരണം പൂർണ്ണതോതിൽ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ബില്ല് മൂന്ന് ദിവസത്തിനുള്ളിൽ ഇരുസഭകളിലും പാസാക്കി എടുക്കാനാണ് നീക്കം. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
പ്രത്യേക സിറ്റിംഗ് മെയ് മാസത്തിലേക്കോ ജൂണിലേക്കോ മാറ്റണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് അംഗീകരിച്ചിട്ടില്ല. മൂന്ന് ദിവസത്തെ സിറ്റിംഗിൽ ചില ബില്ലുകൾ ചർച്ചയ്ക്ക് എടുത്തേക്കാമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ സൂചിപ്പിച്ചിരുന്നു. എഫ്.സി.ആർ.എ ബില്ലും ഇതിൽ ഉൾപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും, വനിതാ സംവരണ ബില്ലിന് മാത്രം മുൻഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.