Share this Article
News Malayalam 24x7
ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; മമ്മൂട്ടി ഇടപെട്ടതിലും പ്രതികരണവുമായി സാന്ദ്ര തോമസ്
വെബ് ടീം
posted on 09-08-2025
1 min read
LISTIN

കൊച്ചി: നടൻ മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തൻ്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആൻ്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചതെന്നും സാന്ദ്ര വ്യക്തമാക്കി.തൻ്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് ഒരു പരാതിയും ഇല്ല. തൻ്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിയത് അദ്ദേഹത്തിൻ്റെ ചോയ്സാണ്.മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ലിസ്റ്റിൻ ശ്രമിക്കരുതെന്നും സാന്ദ്ര പറഞ്ഞു. പർദ ധരിച്ചു വന്നത് പ്രതിഷേധം എന്ന നിലയിലാണ്. എന്നും പർദ ധരിച്ചു വരണമെന്നത് ലിസ്റ്റിന്റെ വിവരമില്ലായ്മ. ലിസ്റ്റിൻ മറുപടി അർഹിക്കാത്തയാളാണ്. ഞാൻ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഞാൻ ഇൻഡസ്ട്രി വിട്ടു പോകാൻ തയാറാണ്. മറിച്ചാണെങ്കിൽ ഇൻഡസ്ട്രി വിട്ടു പോകാൻ ലിസ്റ്റിൻ തയാറാണോ എന്നും സാന്ദ്ര ചോദിച്ചു.

അതേ സമയം  കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് പദവിയിലേക്ക് സാന്ദ്ര തോമസ് മത്സരിക്കരുതെന്ന് നിഷ്കർഷിച്ചിരിക്കുന്നത് നിയമാവലിയാണെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാന്ദ്ര പറയുന്നവ നുണയാണെന്ന് താൻ തെളിയിക്കുമെന്ന് ലിസ്റ്റിന്‍ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പർദ്ദ ധരിച്ച് ഷോ കാണിച്ചെത്തിയ സാന്ദ്ര തോമസിന് പിന്നീട് പര്‍ദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ ചോദിച്ചു. സാന്ദ്രക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിലേക്ക് മത്സരിക്കാം. പ്രസിഡന്റ്, സെക്രട്ടറി, ട്രെഷര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ മൂന്ന് സിനിമ നിർമ്മിച്ചിരിക്കണമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories