Share this Article
News Malayalam 24x7
പലസ്തീനെ രാജ്യമായി അംഗീകരിച്ച നടപടി; വിമർശനവുമായി നെതന്യാഹു
Netanyahu

പലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഈ നടപടി തീവ്രവാദത്തിന് വലിയ സമ്മാനം നൽകുന്നതിന് തുല്യമാണെന്നും, സ്വതന്ത്ര പലസ്തീൻ എന്ന സ്വപ്നം യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.


യുഎൻ പൊതുസഭാ വാർഷിക സമ്മേളനത്തിൽ സംസാരിച്ചതിന് ശേഷം യുഎസിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് നെതന്യാഹുവിന്റെ വിമർശനം. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ എന്നൊരു രാജ്യം ഉണ്ടാകില്ലെന്നും, ഒരു ഭീകരരാഷ്ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമത്തിന് താൻ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ച് ചില ടൗൺ ഹാളുകളിൽ പലസ്തീൻ പതാക ഉയർത്താൻ മേയർമാർ തീരുമാനിച്ചതിനെയും നെതന്യാഹു വിമർശിച്ചു.


അതേസമയം, ഗാസയിലെ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇതിനോടകം 65,283 പേർ കൊല്ലപ്പെട്ടതായും, ഇന്നലെ മാത്രം ഒരു കുഞ്ഞ് ഉൾപ്പെടെ 34 പലസ്തീൻകാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഗാസ നഗരത്തിൽ ശേഷിക്കുന്ന പാർപ്പിട സമുച്ചയങ്ങളും ബോംബ് വെച്ച് തകർക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories