ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി തുടരുന്നു. പൈലറ്റുമാരുടെ ലഭ്യതക്കുറവും സാങ്കേതിക പ്രശ്നങ്ങളും കാരണം ഇന്നും നിരവധി സർവീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മാത്രമായി അഞ്ച് സർവീസുകളാണ് റദ്ദാക്കിയത്. ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മണിക്കൂറുകളോളം വൈകുന്നതും സർവീസുകൾ റദ്ദാക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്. ഡൽഹിയിൽ നിന്ന് പത്തിലധികം സർവീസുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്.
മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ യാത്രക്കാർ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. വിമാനം വൈകിയതിനെത്തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ മകൾക്ക് സാനിറ്ററി പാഡ് ലഭിക്കാൻ പിതാവ് ഉദ്യോഗസ്ഥരോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ ചട്ടങ്ങൾ (FDTL) പാലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സൂചന. പ്രശ്നം പൂർണമായി പരിഹരിക്കാൻ രണ്ട് മാസമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകി.