Share this Article
News Malayalam 24x7
എഐസിസി സമ്മേളനത്തിന് അഹമ്മദാബാദില്‍ തുടക്കം
aicc

എഐസിസി സമ്മേളനത്തിന് അഹമ്മദാബാദില്‍ തുടക്കം. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ ശക്തിപ്പെടുത്താനും ജില്ലാപ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും തീരുമാനമെടുത്തു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തിലും ഡിസിസി പ്രസിഡന്റുമാരുടെ അഭിപ്രായത്തിനു മുഖ്യ പരിഗണന നല്‍കാനും ധാരണയായി.

പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനൊപ്പം ബിജെപിക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് അഹമ്മദാബാദിലെ സമ്മേളനത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. 

നീതിയുടെ വഴി, സമര്‍പ്പണം, പ്രതിജ്ഞ, പോരാട്ടം എന്നീ  മുദ്രാവാക്യങ്ങളിലൂന്നിയാണ് ഇത്തവണ എഐസിസിയുടെ പ്രത്യേക സമ്മേളനം. മൂന്ന് പതിറ്റാണ്ടായി പ്രതിപക്ഷത്തിരിക്കുന്ന ഗുജറാത്തില്‍ 64 വര്‍ഷത്തിന് ശേഷമാണ് എ.ഐ.സി.സി ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. 1902 ല്‍ അധ്യക്ഷന്‍ സുരേന്ദ്രനാഥ ബാനര്‍ജിയുടെ അധ്യക്ഷതയിലായിരുന്നു അഹമ്മദാബാദിലെ ആദ്യ സമ്മേളനം. ഒടുവില്‍ 1961ല്‍ ഭാവ് നഗറില്‍ നീലം സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ അവസാന സമ്മേളനവും.

എഐസിസി അധ്യക്ഷനായി മഹാത്മാഗാന്ധി ചുമതലയേറ്റതിന്റെ നൂറാംവാര്‍ഷികവും പട്ടേലിന്റെ നൂറ്റന്‍പതാം ജന്മവാര്‍ഷികവും ഒത്തുചേരുന്ന വേളയിലാണ് ഇരുവരുടെയും ജന്മസ്ഥലമായ അഹമ്മദാബാദില്‍ സമ്മേളനം നടക്കുന്നത്.ഗാന്ധിജിയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ബിജെപി പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുവരുടെയും പൈതൃകം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്.ചരിത്രപ്രസിദ്ധമായ സര്‍ദാര്‍ സ്മാരകത്തില്‍ 169 പേര്‍ പങ്കെടുക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗമാണ് ആദ്യദിനം നടക്കുക. തുടര്‍ന്ന് സബര്‍മതി നദീ തീരത്ത് 1725 പ്രതിനിധികള്‍ പങ്കെടുക്കുന്ന എഐസിസി സമ്മേളനം.

വഖഫ് നിയമഭേദഗതി നിയമം വന്ന പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളോടുള്ള നയം, ഭരണഘടന നേരിടുന്ന വെല്ലുവിളി, പാര്‍ലമെന്റിലെ ഏകപക്ഷീയ നയം, മണിപ്പൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകള്‍, അഗ്‌നിപരീക്ഷയാകുന്ന ബിഹാര്‍ , ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, തിരിച്ചുവരവിനും നിലമെച്ചപ്പെടുന്നതിനുമുള്ള വഴികള്‍ ഗുജറാത്ത് സമ്മേളനത്തിലൂടെ തെളിക്കാനാകും, നേതൃത്വത്തിന്റെ തീവ്ര ശ്രമം. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി, അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സെഷനില്‍ രൂപം നല്‍കുക. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories