ന്യൂഡല്‍ഹി: തീവണ്ടിയാത്രയിൽ വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരവുമായ തീരുമാനവുമായി റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വന്ദേഭാരത് കോച്ചുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ ചെയര്‍ സൗകര്യം ഒരുക്കും. ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം രേഖാമുലം പാര്‍ലമെന്റിനെ അറിയിച്ചത്. നേരത്തെ തന്നെ ലോവര്‍ ബെര്‍ത്ത് വയോധികര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇത് നടപ്പാക്കിത്തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകള്‍ക്കും വയോധികര്‍ക്കും ലോവര്‍ ബെര്‍ത്ത് നല്‍കും.സ്ലീപ്പര്‍ ക്ലാസുകളില്‍ ഏഴുവരെ ബര്‍ത്തുകളും തേഡ് എസിയില്‍ അഞ്ചുവരെ ബര്‍ത്തുകളും സെക്കന്‍ഡ് എസിയില്‍ നാലു ബര്‍ത്തുകളും നിര്‍ബന്ധമായും നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കൂടാതെ ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.