കൊച്ചി:ബെംഗളുരു സ്വദേശി സൂരജ് ലാമയെ കാണാതായതു സംബന്ധിച്ച് ഉണ്ടായ സംഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് വലിയ ഞെട്ടലാണെന്ന് ഹൈക്കോടതി. ‘‘കുവൈറ്റിൽ നിന്ന് ജീവനോടെ കയറ്റിവിട്ട ഒരാൾ ഇവിടെയെത്തിയപ്പോൾ നഷ്ടപ്പെട്ടത് എങ്ങനെയാണ് ? ആശുപത്രിയിൽ നിന്ന് അയാളെ കാണാതായത് എങ്ങനെയാണ് ? മറ്റൊരു രാജ്യത്തു നിന്ന് കയറ്റിവിടുന്ന ഒരാള്‍ ഇവിടെ ഇറങ്ങാനുള്ള പ്രോട്ടോക്കോൾ എന്താണ്? വലിയ ഞെട്ടലാണ് ഈ സംഭവങ്ങൾ മുഴുവൻ ഉണ്ടാക്കിയിരിക്കുന്നത്. ആ മൃതദേഹം അദ്ദേഹത്തിന്റേത് ആവാതിരിക്കട്ടെ’’ – ബെംഗളുരു സ്വദേശി സൂരജ് ലാമയെ കാണാതായതു സംബന്ധിച്ച കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും എൻ.ബി.സ്നേഹലതയും പറഞ്ഞത് ഇങ്ങനെയാണ്.കേസ് വീണ്ടും ഈ മാസം 10ന് പരിഗണിക്കും.
കഴിഞ്ഞ ദിവസം കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് ആണോ എന്നതിന്റെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ലാമയെ കാണാതായതു സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഹൈക്കോടതി ഇന്ന് ഉയർത്തിയത്. മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതി മുൻപാകെയുള്ളത്.
മദ്യദുരന്തത്തെ തുടർന്ന് ഓർമശക്തി നഷ്ടപ്പെട്ട് മനോനില തെറ്റിയ സൂരജ് ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് കയറ്റി വിടുകയായിരുന്നു. ജീവനോടെ കുവൈറ്റ അധികൃതർ കയറ്റി വിട്ട ഒരാൾ ഇവിടെ വന്ന് എങ്ങനെയാണ് കാണാതായത് എന്ന് കോടതി ചോദിച്ചു. ‘‘ആ മൃതദേഹം അദ്ദേഹത്തിന്റേത് ആണോ എന്നറിയില്ല. ആവാതിരിക്കട്ടെ. എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരാൾ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തുപോയത്. എങ്ങനെയാണ് അദ്ദേഹം കളമശേരി മെഡിക്കൽ കോളജിൽ എത്തിയത് ? എന്താണ് അവിടെ സംഭവിച്ചത്? എങ്ങനെയാണ് അവിടെ നിന്ന് പുറത്തു പോയത് ?’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കോവിഡ് പോലുള്ള അസുഖം ബാധിച്ചവരെയോ ഭീകരബന്ധത്തിന്റെ പേരിൽ കയറ്റി വിടുന്നവരെയോ ഒക്കെ ഇത്തരത്തിൽ വിമാനത്താവളത്തിൽ നിന്ന് പോകാൻ അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. വിദേശത്തു നിന്ന് കയറ്റി വിടുന്ന ഒരാൾ ഇവിടെ എത്തുമ്പോഴുള്ള പ്രോട്ടോക്കോൾ എന്താണെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനു കോടതി നിർദേശം നൽകി. സൂരജ് ലാമയെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ കളമശേരി മെഡിക്കൽ കോളജിനു കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എങ്ങനെയാണ് സൂരജ് ലാമ അവിടെ എത്തിയതെന്നും എന്തു ചികിത്സയാണ് നൽകിയതെന്നും ആർക്കായിരുന്നു ഉത്തരവാദിത്തമെന്നും എങ്ങനെയാണ് അവിടെ നിന്നു പോയതെന്നും കൃത്യമായ മറുപടി നൽകണമെന്ന് കോടതി നിർദേശം നൽകി. വേറൊരു രാജ്യത്ത് നിന്ന് ജീവനോടെ കയറ്റി വിട്ട ഒരാള്‍ ഇവിടെ എത്തുമ്പോൾ കാണാതാവുക, അല്ലെങ്കിൽ മരിക്കുകയാണുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കുടുംബത്തോട് എന്തു പറയുമെന്നും ഇങ്ങനെയാണോ നാം ഇവിടുത്തെ പൗരന്മാരെ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.