Share this Article
News Malayalam 24x7
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി വിയ്യൂർ ജയിലിലേക്ക്
Soumya Murder Case Convict Govindachamy Transferred to Viyyur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അതിവിദഗ്ധമായി ചാടിപ്പോയ ശേഷം മണിക്കൂറുകൾക്കകം പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വൻ സുരക്ഷാ വീഴ്ചയെത്തുടർന്നുണ്ടായ ജയിൽമാറ്റം കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു നടത്തിയത്.

ഇന്ന് രാവിലെയാണ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉൾപ്പെടെയുള്ള 15-ൽ അധികം വരുന്ന സായുധ പൊലീസ് സംഘത്തിൻ്റെ അകമ്പടിയോടെ ഗോവിന്ദച്ചാമിയെ കണ്ണൂരിൽ നിന്ന് കൊണ്ടുപോയത്. പൊലീസിൻ്റെ ക്വിക്ക് റെസ്‌പോൺസ് ടീമിന്റെ പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി യാത്ര കടന്നുപോകുന്ന എല്ലാ ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.


കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പുതപ്പുകൾ കൂട്ടിക്കെട്ടി മതിലിന് മുകളിലൂടെ ചാടിയ പ്രതിയെ, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ ഒരു വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കവെയാണ് പിടികൂടിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്തെ ജയിൽ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയ ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിയെ കൂടുതൽ സുരക്ഷിതമായ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories