ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ഇടാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് തള്ളിയിട്ടതെന്നാണ് റിപ്പോർട്ട്. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടിടിഇ സന്തോഷ് കുമാറിനെതിരേ ഇടാവ ജിആര്‍പി, വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് ആദ്യം ആരതിയുടെ പഴ്‌സ് ട്രെയിനിന് പുറത്തേക്ക് എറിയുകയും പിന്നാലെ അവരെ പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരതി തല്‍ക്ഷണം മരിച്ചെന്നാണ് വിവരം.