പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ മേഖല കടുത്ത യുദ്ധഭീതിയിലായി. തെക്കൻ ഇറാനിലെ ഫോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ മിസൈൽ ആക്രമണത്തിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു. ലോകത്തെ നടുക്കിയ ഈ ആക്രമണത്തിൽ സ്‌കൂൾ കെട്ടിടം പൂർണ്ണമായും തകർന്നു. 50-ലധികം കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേൽ സൈന്യം തൊടുത്തുവിട്ട മിസൈലുകൾ ജനവാസ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതിച്ചതായാണ് റിപ്പോർട്ട്. മിനാബിലെ ആക്രമണത്തിന് പുറമെ, തലസ്ഥാനമായ ടെഹ്‌റാനിലെ മറ്റൊരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ കൂടി കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വസതിയും ആക്രമണത്തിൽ തകർന്നതായാണ് പുറത്തുവരുന്ന വിവരം.
തങ്ങൾ ഒരിക്കലും തലകുനിക്കില്ലെന്നും ശത്രുക്കൾക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചു. ബഹ്‌റൈനിലെ അമേരിക്കൻ നാവിക സേനാ കേന്ദ്രങ്ങൾക്ക് നേരെയാണ് ആദ്യ പ്രത്യാക്രമണമുണ്ടായത്. സൗദി അറേബ്യ, യു.എ.ഇ, ജോർദാൻ എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. അബുദാബിയിലുണ്ടായ സ്ഫോടനത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ ഒമ്പത് നില കെട്ടിടം തകരുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധസാഹചര്യം വഷളായതോടെ ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് മലയാളികൾ വലിയ ആശങ്കയിലാണ്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ നോർക്ക അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി. പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ നോർക്കയുമായോ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ആക്രമണങ്ങളും തിരിച്ചടികളും തുടരുന്ന പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ പലയിടത്തും തകരാറിലായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസമുണ്ട്.