തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസ്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നുമാണ് പരാതി. സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോക് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗാനരചയിതാവ് ഉള്‍പ്പെടെ നാലു പേരെ പ്രതി ചേര്‍ത്താണ് കേസ്.
കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്.
പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിവിധ ദേശങ്ങളിലുമെല്ലാം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.