റോഡുകളിലെ കുഴികളിൽ വീണ് മരിച്ചവരുടെ ബന്ധുക്കൾക്ക് 6 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 മുതൽ 2.5 ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. റോഡിൽ കുഴികൾ നികത്താതെ കിടക്കുക, ആൾത്തുളകൾ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകൾ മൂലം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട നഗരസഭ, പൊതുമരാമത്ത് വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാർ, എഞ്ചിനീയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെല്ലാം ഉത്തരവാദികളായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നൽകേണ്ട നഷ്ടപരിഹാരം കരാറുകാരിൽ നിന്ന് ഈടാക്കിയ പിഴയിൽ നിന്നോ അല്ലെങ്കിൽ അന്വേഷണത്തിന് ശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എഞ്ചിനീയർ എന്നിവരിൽ നിന്നോ ഈടാക്കാനാണ് ഉത്തരവിൽ പറയുന്നത്. റോഡുകൾ ശരിയായ രീതിയിൽ പരിപാലിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്നും, അതിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും നീതി ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു വിധിയാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ ഇത് അധികാരികളെ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.